സിന്ധു നദീജല കരാർ വിവാദത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രതികരണവുമായി പാക് മന്ത്രി മുസാദിക് മാലിക്. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം തടയാനോ കൈവശപ്പെടുത്താനോ ഇന്ത്യ ശ്രമിച്ചാൽ “ആ കൈ വെട്ടിമാറ്റും” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.
വാർത്താസമ്മേളനത്തിൽ സംസാരിച്ച മന്ത്രി, പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. രാജ്യത്തിൻ്റെ ജലവിഹിതത്തിൽ ഇടപെടാൻ ശ്രമിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇത് വെറും മുന്നറിയിപ്പ് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുസാദിക് മാലിക്, ജലവിതരണത്തിലെ തടസം രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷയെയും തൊഴിലവസരങ്ങളെയും സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് ആരോപിച്ചു. അന്താരാഷ്ട്ര ജലനിയമങ്ങളും നിലവിലുള്ള കരാറുകളും പ്രകാരം നദീജലം ഏകപക്ഷീയമായി തടയാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അത്തൗള്ള തരാരും സിന്ധു നദീജല കരാർ നിയമപരമായി സാധുവാണെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും അവകാശപ്പെട്ടു. പാകിസ്ഥാൻ്റെ നിലപാടിന് അന്താരാഷ്ട്ര നിയമപരമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് സി. ആർ. പാട്ടീൽ, അടുത്ത ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ സിന്ധു നദിയിൽ ഇന്ത്യയ്ക്കുള്ള ജലവിഹിതം പൂർണമായി വിനിയോഗിക്കുമെന്നും ഇന്ത്യയ്ക്കായി നിശ്ചയിച്ചിട്ടുള്ള ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ മന്ത്രിമാരുടെ പുതിയ പ്രതികരണങ്ങൾ വന്നത്.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പരസ്പരം കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിന് വീണ്ടും നയതന്ത്ര തലത്തിൽ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്.