റഷ്യൻ എണ്ണ ഉത്പാദകർക്കെതിരായ യു.എസ് ഉപരോധത്തെത്തുടർന്ന് റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ നടപടി യുഎസുമായുള്ള വ്യാപാര കരാറിനുള്ള പ്രധാന തടസ്സം നീക്കാൻ സഹായിച്ചേക്കും.

എണ്ണ ഉത്പാദകരായ ലുക്കോയിൽ, റോസ്‌നെഫ്റ്റ് എന്നിവയ്ക്കെതിരെയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഏറ്റവും വലിയ ഇന്ത്യൻ ഉപഭോക്താവായ റിലയൻസ് ഇൻഡസ്ട്രീസ് റോസ്‌നെഫ്റ്റുമായി നിലവിലുള്ള ദീർഘകാല കരാർ നിർത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

‘എണ്ണ ഇറക്കുമതിയുടെ പുനഃക്രമീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളുമായി പൂർണ്ണമായും യോജിച്ച് റിലയൻസ് പ്രവർത്തിക്കും,’ റിലയൻസ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പൊതുമേഖലാ റിഫൈനറികളും റോസ്‌നെഫ്റ്റിൽനിന്നും ലുക്കോയിലിൽനിന്നും നേരിട്ട് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യാപാരരേഖകളുടെ പരിശോധന യു.എസ് കർശനമാക്കിയിട്ടുണ്ട്.

Related Posts