കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടർന്നു 27കാരി ശിൽപ ബാംഗ്ലൂരിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി കമ്പനി ജീവനക്കാരിയായ ബെംഗളൂരു സദഗുണ്ടപാളയയിലെ ശിൽപയുടെ മരണത്തിൽ ഭർത്താവ് പ്രവീണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലായിരുന്നു പ്രവീണുമായുള്ള ശിൽപ്പയുടെ വിവാഹം. ഒന്നരമാസം ഗർഭിണിയായിരുന്നു ശില്പ.
35 ലക്ഷം രൂപയും 150 ഗ്രാം സ്വർണവും സ്ത്രീധനമായി നൽകിയെന്ന് ശിൽപ്പയുടെ കുടുംബം പറയുന്നു. ഐടി കമ്പനി ജീവനക്കാരനായിരുന്ന പ്രവീൺ പിന്നീട് രാജിവച്ച് ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ ദമ്പതികൾക്ക് ഒരു മകനും ജനിച്ചു. പ്രവീണും അമ്മ ശാന്തവ്വയും ചേർന്ന് അഞ്ചു ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ പേരിൽ മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. പണം കിട്ടാതായതോടെ പ്രവീണിൻ്റെ കുടുംബം ശിൽപ്പയെ സ്വന്തം വീട്ടിലേക്കു പറഞ്ഞുവിടുകയായിരുന്നു.