ശക്തമായ മഴയെ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ നാല് ഷട്ടറുകളും 20 സെന്റിമീറ്റർ വീതം ഉയർത്താൻ അധികൃതർ തീരുമാനിച്ചു. ജില്ലയിൽ മഴ മുന്നറിയിപ്പ് തുടരുന്നതിനാലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് ഘട്ടമായ റെഡ് അലർട്ടിന് സമീപമെത്തിയ സാഹചര്യത്തിലാണ് നടപടി.

നെയ്യാർ ഡാമിന് സമീപ പ്രദേശങ്ങളിലെയും നദിയുടെ ഇരുകരകളിലുമുള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ഷട്ടറുകൾ തുറക്കുന്നതോടെ നദിയിലേക്കുള്ള ജലപ്രവാഹം വർധിക്കാനിടയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടസാധ്യത ഒഴിവാക്കുന്നതിനായി നദീതീരങ്ങളിൽ അനാവശ്യമായി ഇറങ്ങുന്നത് ഒഴിവാക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Related Posts