മുംബൈയിൽ പെയ്യുന്ന കനത്ത മഴ ദുരന്തമായി. മാൻഖുർദ് പ്രദേശത്തെ ജനതാ നഗറിലുള്ള മൂന്ന് നില വാടകക്കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളുൾപ്പെടെ ആറുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്.
മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പല മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടർന്ന് വിമാന സർവീസുകളിലും റോഡ് ഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങളാണ് അനുഭവപ്പെടുന്നത്.