തിരുവനന്തപുരം ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ. ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. ചെടിച്ചട്ടികളിലും ചെറിയ പാത്രങ്ങളിലും കവറുകളിലുമായാണ് ഇയാൾ കഞ്ചാവ് നട്ടുവളർത്തിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുകയും ഇലകൾ ചേർത്ത ചമ്മന്തി പതിവായി ഉപയോഗിച്ചിരുന്നതായും ഇയാൾ മൊഴി നൽകി.