ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനത പാർട്ടി (സിജെപി). രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നിർത്തിവയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീം കോടതി നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയിൽ നൽകണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച നിലവിലെ നിയമം പിൻവലിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് അംഗങ്ങൾ പല ഘട്ടങ്ങളിലും എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ ആവശ്യങ്ങൾ ഉയർന്നത്. എന്നാൽ കമ്മിഷനിലെ വ്യത്യസ്ത അഭിപ്രായങ്ങളും രേഖാമൂലമുള്ള നിരീക്ഷണങ്ങളും ആഭ്യന്തര പരിശോധനാ സംവിധാനത്തിൻ്റെ ഭാഗമാണെന്നും കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങൾ, എസ്ഐആർ ഉൾപ്പെടെ, ഏകകണ്ഠമായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts