ഇടുക്കിയിലെ ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി. മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാമി(26)നെയാണ് കാണാതായത്. ഇയാളോടൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന നാല് അതിഥി തൊഴിലാളികളും, തുഴച്ചിൽകാരനും രക്ഷപ്പെട്ടു. വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
ആനയിറങ്കൽ ജലാശയത്തിൻ്റെ മറുകരയിലുള്ള ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞത്. ജലാശയത്തിൻ്റെ പകുതി പിന്നിട്ടപ്പോഴായിരുന്നു അപകടം. എല്ലാവരും കരയിലേക്ക് നീന്തിയെങ്കിലും സന്ദീപ് സിങ് റാം വെള്ളത്തിൽ മുങ്ങി.
കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി.
നാട്ടുകാരും മുന്നാറിൽ നിന്നുള്ള അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം വൈകീട്ട് ആറിന് അഗ്നിശമനസേന തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ നാളെ പുന:രാരംഭിക്കും.