തമിഴ്നാട്ടിൽ അഴിമതിക്കെതിരെ കൂടുതൽ കർശന നടപടികളുമായി വിജയ് സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്ന വിവരം ഇനി നേരിട്ട് വിജിലൻസിനെ വാട്സ്ആപ്പ് വഴി അറിയിക്കാം. ഇതിനായി 9498180936 എന്ന പ്രത്യേക വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി.

ഇതോടൊപ്പം, അഴിമതി വിരുദ്ധ സന്ദേശങ്ങളും പരാതി നൽകാനുള്ള വിവരങ്ങളും സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. “കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്” എന്ന സന്ദേശം തമിഴിലും ഇംഗ്ലീഷിലും നിർബന്ധമായും പ്രദർശിപ്പിക്കണം. കൂടാതെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ്റെ (DVAC) വിലാസം, വാട്സ്ആപ്പ് നമ്പർ, ഫോൺ നമ്പറുകൾ, ഫാക്സ്, ഇമെയിൽ എന്നിവയും നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തണം.

സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടറേറ്റുകളിലെ പരിശോധനാ വിഭാഗം ഉറപ്പാക്കുകയും റിപ്പോർട്ട് മാനവവിഭവശേഷി വകുപ്പിന് കൈമാറുകയും വേണം. മുമ്പും സമാന ഉത്തരവുകൾ ഉണ്ടായിരുന്നെങ്കിലും പല ഓഫീസുകളിലും നടപ്പായിരുന്നില്ല. ഈ വീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ സർക്കാർ വീണ്ടും കർശന നിർദേശം നൽകിയത്.

ജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ dvac@nic.in എന്ന ഇമെയിലിലൂടെയോ 044-22321090, 22321085, 22310989, 22342142 എന്നീ നമ്പറുകളിലൂടെയോ അറിയിക്കാം. കൂടാതെ DVAC, No.293, MKN Road, Alandur, Chennai – 600016 എന്ന വിലാസത്തിലേക്ക് തപാൽ മുഖേനയും പരാതി നൽകാനാകും.

Related Posts