തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി വിജയ്. ദുരന്തത്തിൽ മരിച്ച ഓരോ കുടുംബത്തിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിയമന ഉത്തരവുകൾ ഈ മാസം 10-ന് കരൂരിലെ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും.
2025 സെപ്റ്റംബർ 27-നാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. വിജയ് എത്തുന്നതിൽ മണിക്കൂറുകളുടെ വൈകിയതിനെ തുടർന്ന് വൻ ജനക്കൂട്ടം തടിച്ചുകൂടുകയും, അദ്ദേഹത്തിൻ്റെ വാഹനവ്യൂഹം എത്തിയപ്പോൾ ആളുകൾ ഒരുമിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ദീർഘകാല സഹായമെന്ന നിലയിലാണ് സർക്കാർ ജോലി നൽകാനുള്ള തീരുമാനം. ദുരന്തബാധിത കുടുംബങ്ങൾക്ക് സർക്കാർ പിന്തുണ ഉറപ്പാക്കുമെന്നും തുടർസഹായങ്ങൾക്കും മുൻഗണന നൽകുമെന്നും സർക്കാർ അറിയിച്ചു.