നഗരത്തിൽ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടി ആരംഭിച്ചു. അനധികൃത നിർമാണത്തിനെതിരെ നടപടി എടുക്കുന്നില്ലെന്നു വൻ വിമർശനമുയർന്നതിനെ തുടർന്നാണു ശക്തമായ നടപടി എടുക്കാൻ ജിബിഎ തീരുമാനിച്ചത്. ഇതിനായി 5 സിറ്റി കോർപറേഷനുകളുടെ കീഴിലും പ്രത്യേക ദൗത്യസേന രൂപീകരിക്കും. ജിബിഎ ചീഫ് കമ്മിഷണർ എം.മഹേശ്വർ റാവുവാണ് ഇതുസംബന്ധിച്ച് കോർപറേഷനുകൾക്കു നിർദേശം നൽകിയത്.

ജിബിഎ ദൗത്യസേന നേരിട്ടെത്തി പരിശോധന നടത്തും. നഗരത്തിൽ കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും മേൽനോട്ടം കർശനമാക്കുന്നതിനുമാണ് നീക്കം. സംശയമുള്ള കെട്ടിടങ്ങൾ കണ്ടാൽ നേരിൽ വന്ന് വിശദമായ പരിശോധന നടത്തും. അധികൃതർ നൽകിയ അനുമതിയും കെട്ടിടത്തിൻ്റെ പ്ലാനും പരിശോധിക്കും. അനുമതിയില്ലാതെയാണു കെട്ടിടം നിർമിക്കുന്നതെന്നു കണ്ടെത്തിയാൽ കെട്ടിട ഉടമയ്ക്ക് ഉടനടി നോട്ടിസ് അയയ്ക്കും. നിയമലംഘനത്തിൻ്റെ തീവ്രതയനുസരിച്ച് തുടർ നടപടികളെടുക്കും. കാലതാമസം വരാതെ നടപടി ആരംഭിക്കാൻ എല്ലാ കോർപറേഷനുകൾക്കും ചീഫ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. കർശന നടപടി ഒഴിവാക്കാൻ കെട്ടിടം ഉടമകൾ നിർമാണ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്.

Related Posts