പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന വാർത്തകൾക്കിടെ, ഡൽഹിയിൽ നിയമവിരുദ്ധ എൽപിജി മാഫിയയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. റെയ്ഡിൽ 183 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. ഡൽഹിയിലെ സംഗം വിഹാർ മേഖല കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഗ്യാസ് ഏജൻസികളിലെ ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നവരാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്.
സൂരജ് പരിഹാർ, ജിതേന്ദർ, രഘു രാജ് സിംഗ്, ഷേർ സിംഗ് എന്നിവരാണ് പിടിയിലായ ഡെലിവറി ഏജന്റുമാർ. പ്രതികളുടെ ഗോഡൗണുകളിൽ നിന്ന് 154 നിറഞ്ഞ സിലിണ്ടറുകളും 29 ഒഴിഞ്ഞ സിലിണ്ടറുകളും ഉൾപ്പെടെ ആകെ 183 എണ്ണം പോലീസ് കണ്ടെടുത്തു.
സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി ചെറിയ സിലിണ്ടറുകളിൽ നിറച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയും ഉപഭോക്താക്കൾക്ക് നൽകേണ്ട സിലിണ്ടറുകൾ മറിച്ചുവിറ്റുമാണ് ഇവർ ലാഭമുണ്ടാക്കിയിരുന്നത്. സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വൻ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി.