അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്.
അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, പി.എന്‍.ശ്രീജമോള്‍, സി.എം.ബേസില്‍, പി.എം.സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകളിലെ പ്രതികള്‍ പണം കൈപ്പറ്റി മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. നേരത്തേ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും പ്രതി നൈജീരിയയിലേക്ക് കടന്നിരുന്നു. പ്രതിയെ തന്ത്രപൂര്‍വ്വം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്‍റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.