തിരുവനന്തപുരം തിരുമല സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ശേഷം ക്രിപ്റ്റോ കറൻസി രൂപത്തിൽ വിദേശത്തേയ്ക്ക് കടത്തിയ സംഘം ചെന്നൈയിൽന്ന് പിടിയിലായി. ബാലാജി.ബി (45), ഡാനിയേൽ ക്രിസ്റ്റഫർ (34), സന്തോഷ് കുമാർ (28), വേൽമുരുകൻ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും നിരവധി മറ്റു രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. അറസ്റ്റ് ചെയ്‌ത പ്രതികളെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

യുകെയിലെ ഇൻവെസ്റ്റ്മെൻ്റ് കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്‌ത് ഇരട്ടിയിലധികം ലാഭം നൽകാമെന്നു വിശ്വസിപ്പിച്ച് ദീർഘകാലം പ്രവാസിയായിരുന്ന തിരുമല സ്വദേശിയിൽ നിന്നുമാണ് ചെന്നൈ സ്വദേശികൾ 31 ലക്ഷം രൂപ തട്ടിയെടുത്തത്. ബാങ്ക് ട്രാൻസാക്ഷനുകൾ പരിശോധിച്ചതിൽ ചെന്നൈ കേന്ദ്രീകരിച്ചാണ് കുറ്റകൃത്യം ആസൂത്രണം ചെയ്‌തതെന്ന് കണ്ടെത്തിയിരുന്നു.

തട്ടിയെടുത്ത തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് കടത്തുന്നതാണ് പ്രതികളുടെ രീതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാട്‌സാപ്പ്, ടെലഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയിട്ടുള്ളതും പരാതിക്കാരനിൽ നിന്നും 31 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.

തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമീഷണർ പ്രകാശ് കെ എസ്, ഇൻസ്പെക്ടർ വിനോദ് കുമാർ പി ബി, എസ് ഐ ബിജുലാൽ. സീനിയർ സിപിഒ അനിൽകുമാർ എസ്, വിജേഷ് വി യു എന്നിവരടങ്ങിയ പ്രത്യേക അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Posts