മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. 50 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ചാണ് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെ ടിവികെയിൽ ചേർന്നത്.
ടിവികെയിൽ ചേരുന്ന ആദ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാവാണ് 77-കാരനായ സെങ്കോട്ടയ്യൻ. 1977 മുതൽ എഐഎഡിഎംകെയുടെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ. ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭയിലെത്തിയത്.
ചെന്നൈയിലെ ടിവികെ ആസ്ഥാനത്തെത്തിയാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ നാല് ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി സെങ്കോട്ടയ്യനെ നിയമിച്ചു.
സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങൾ നടത്തിയിരുന്നു.