വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് കർണാടകയിൽ അടച്ചിട്ട എല്ലാം ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനം വകുപ്പിൻ്റെ തീരുമാനം. ചിക്കമഗളൂരുവിലെ കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് ഇതിനകം പുനരാരംഭിച്ചു. അഞ്ചുമാസത്തെ പ്രവേശന വിലക്കിന് ശേഷമാണ് ഇവിടെ ട്രെക്കിങ് പുനരാരംഭിച്ചത്. വനം വകുപ്പിൻ്റെ ‘ആരണ്യ’ വിഹാര വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്കേ ട്രെക്കിങ്ങിന് അനുമതിയുള്ളൂ. ഒരു ദിവസം 300 പേർക്കാണ് ടോക്കൺ അനുവദിക്കുക.
നേത്രാവതി, ഗംഗാഡിക്കൽ, ബണ്ടാജെ എന്നിവിടങ്ങളിലെ ട്രെക്കിങ്ങും പുനരാരംഭിച്ചു. ജൂൺ 15-നുശേഷം മറ്റ് ഒട്ടേറെ പ്രധാന ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കുമെന്ന് വന്യജീവി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശിവരാമ ബാബു അറിയിച്ചു. റൂട്ട് അടങ്ങിയ കൈപ്പുസ്തകവും എൻട്രി പോയന്റിൽവെച്ച് സഞ്ചാരികൾക്ക് കൈമാറും. വഴി തെറ്റാതിരിക്കാൻ മലകളിൽ കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെക്കിങ് കേന്ദ്രങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച 300 പ്രാദേശിക ഗൈഡുകളെ വിന്യസിച്ചിട്ടുണ്ട്. പ്രഥമ ശുശ്രൂഷ കിറ്റുകൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ, വാക്കി ടോക്കികൾ എന്നിവ ഇവർക്ക് അനുവദിച്ചിട്ടുണ്ട്.