കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമബംഗാളിൽ അഞ്ചുപേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് സിക്കിമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡാർജിലിംഗിലെ റോക്ക് ഗാർഡൻ ടൈഗർ ഹിൽ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. ഡാർജിലിംഗിൻ്റെ ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു.