നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ ബിശ്വജിത് ബെഹ്റ (70), ഭാര്യ സുലഭ ബെഹ്റ (65), കൊച്ചുമകൾ തേജേശ്വരി ബെഹ്റ (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 4 മണിക്ക് ബഡഗഡ കനാൽ റോഡിലുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിശ്വജിതും കുടുംബവും ഒന്നാം നിലയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കുടുംബം ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
ഉടൻ തന്നെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ മകളിലെ നിലകളിലേയ്ക്ക് പടരുന്നത് ഒഴിവായി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.