ഫെമ (വിദേശനാണ്യ വിനിമയ ചട്ടം) ലംഘനം, ഹവാല ഇടപാടുകൾ, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലെ അഞ്ച് ജില്ലകളിലായി പത്തിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്.
കാസർഗോഡ് ജില്ലയിലെ തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിൻ്റെ സൈനബ മൻസിൽ, ചെമ്പിരിക്ക ചന്ദ്രഗിരിയിലെ ഷാഫി ചെമ്പിരിക്കയിലിൻ്റെ ചാപ്പ ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന. കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസിലും കോഴിക്കോട് കുന്നമംഗലത്തെ മുഹമ്മദ് ജൗഹർ എം.കെയുടെ വീട്ടിലും കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
മലപ്പുറം വേങ്ങര ചേരൂരിലെ മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനാളൂർ കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ്, പാലക്കാട് കുമരനല്ലൂരിലെ അബ്ദുൾ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.
അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും സ്വർണക്കടത്ത് ഇടപാടുകളുടെ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.