വായ്പാ തിരിച്ചുപിടിക്കൽ ഏജന്റുമാരുടെ ആക്രമണം; റോഡിൽ വീണ് പരിക്കേറ്റ വൃക്കരോഗി മരിച്ചു, രണ്ടുപേർക്കെതിരെ കൊലക്കുറ്റം
വായ്പാ തിരിച്ചുപിടിക്കാനെത്തിയ ഫിനാൻസ് കമ്പനി ഏജന്റുമാരുടെ ഇടപെടലിനെത്തുടർന്ന് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ 39-കാരനായ വൃക്കരോഗി മരിച്ചു. സംഭവത്തിൽ എൽ ആൻഡ് ടി ഫിനാൻസിലെ രണ്ട് ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. നെലമംഗലയിലാണ് സംഭവം.
ടി.ബേഗൂർ സ്വദേശിയായ മുരളി ഒക്ടോബർ 28-ന് നെലമംഗലയിൽനിന്ന് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുന്നതിനിടെയാണ് ഏജന്റുമാർ തടഞ്ഞത്. വായ്പാ തിരിച്ചടവിൽ കുടിശ്ശികയുണ്ടെന്ന് ആരോപിച്ച് വാഹനം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.
കുറച്ചുകൂടി മുന്നോട്ട് നിർത്തി പണമടച്ചതിൻ്റെ രസീതുകൾ കാണിക്കാമെന്ന് മുരളി അറിയിച്ചെങ്കിലും ഏജന്റുമാർ അദ്ദേഹത്തിൻ്റെ ഇരുചക്രവാഹനത്തിൽ ചവിട്ടിയെന്നാണ് പരാതി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിഞ്ഞ് മുരളി റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
വൃക്കരോഗത്തെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്ന മുരളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഒക്ടോബർ 31-ന് മരിച്ചു. സംഭവത്തിൽ മുരളിയുടെ ഭാര്യ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭർത്താവെന്നും രണ്ട് ചെറിയ കുട്ടികളുമായി താൻ ഒറ്റയ്ക്കായെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഏജന്റുമാർ മദ്യലഹരിയിലായിരുന്നുവെന്നും വായ്പാ കുടിശ്ശികയൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിച്ചു.
സംഭവത്തിൽ നെലമംഗല റൂറൽ പൊലീസ് രണ്ട് ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വായ്പാ തിരിച്ചുപിടിക്കലിനിടെയുണ്ടായ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.