ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. കർണാടകത്തിലെ ഹാസൻ – ഹൊളെനരസിപുര റോഡിൽ മെസാലെ ഹോസഹള്ളിയിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അപകടം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതുപേരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

അഞ്ച് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലും ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ഹാസൻ എസ് പി മുഹമ്മദ് സുജീത എംഎസ് പറഞ്ഞു. പരിക്കേറ്റ 25 പേരിൽ 18 പേരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും (HIMS) ബാക്കിയുള്ള ഏഴ് പേരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഘോഷയാത്രയിൽ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. വാദ്യഘോഷങ്ങൾക്കൊത്ത് നൃത്തം ചെയ്യുന്നവരുടെയിടയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. “ഹാസനിൽ ഗണേശ നിമജ്ജനത്തിനായി പോയ ഘോഷയാത്രയിൽ ലോറി ഇടിച്ച് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20 ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വാർത്ത വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെയെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം എക്‌സിൽ എഴുതി.

“സർക്കാരിൻ്റെ പേരിൽ, ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. സംഭവത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. ഇത് വളരെ വേദനാജനകമായ നിമിഷമാണ്. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കൊപ്പം നമുക്കെല്ലാവർക്കും നിൽക്കാം.” അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും അനുശോചനം രേഖപ്പെടുത്തി.

Related Posts