സുപ്രീം കോടതിയിൽ കേസ് വാദത്തിനിടെ അപൂർവ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്വയം കേസ് വാദിക്കാനെത്തിയ ഉത്തർപ്രദേശ് സ്വദേശി പ്രഭാൽ പ്രതാപ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കോടതി മുറിയിൽ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി.
ജസ്റ്റീസുമാരായ കെ.വി.വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. ലക്നോ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട യുവാവ്, “ഞാൻ കോടതിയോട് ഉത്തരവിടുന്നു” എന്ന രീതിയിൽ സംസാരിച്ചതോടെയാണ് സാഹചര്യം വഷളായത്.
ഇതിന് മറുപടിയായി “നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ?” എന്ന് ജസ്റ്റീസ് കെ.വി.വിശ്വനാഥൻ ചോദിച്ചു. പിന്നാലെ പ്രകോപിതനായ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കൈവശമുണ്ടായിരുന്ന രേഖകൾ ബെഞ്ചിന് നേരെ എറിയുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് യുവാവിനെ കോടതി മുറിയിൽ നിന്ന് പുറത്താക്കി. എന്നാൽ ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികളോ മറ്റ് നിയമനടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.