കർണാടകയിലെ ധാർവാഡിൽ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊന്നന്നാവർ (45) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഡോ. കിരണിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ആശങ്കപ്പെട്ട ബന്ധുക്കൾ പലതവണ വിളിച്ചെങ്കിലും, അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ അറിയിച്ചത്. വൈകുന്നേരമായിട്ടും ബന്ധപ്പെടാനാകാതിരുന്നതോടെ ബന്ധുക്കൾ അപ്പാർട്ട്മെന്റിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഡോ. കിരൺ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നതും എട്ടുവയസ്സുകാരനായ മകൻ കുത്തേറ്റ ഗുരുതരാവസ്ഥയിൽ കിടക്കുന്നതും കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിക്ക് ജീവന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ചികിത്സയിൽ തുടരുകയാണ്.
ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറയുന്നതനുസരിച്ച്, ഭാര്യ കടുത്ത മാനസികാഘാതത്തിലാണുള്ളത്. ചോദ്യം ചെയ്യലിനിടെ പരസ്പരവിരുദ്ധവും അസാധാരണവുമായ മൊഴികളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാർട്ട്മെന്റായതിനാൽ പുറത്തുനിന്ന് ആരെങ്കിലും പ്രവേശിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവസമയത്ത് വീട്ടിൽ ഡോ. കിരൺ, ഭാര്യ ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന, സിസിടിവി ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.