കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് ഇന്ന് വ്യക്തമാകും. സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് ഉച്ചയ്ക്ക് വീണ്ടും നിർണായക ചർച്ച നടത്തും. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.

ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളായ സൗരഭ് ദാസും അഷുതോഷ് രൻകയും തമ്മിൽ നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചതായി സിജെപി അറിയിച്ചു.

എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി ആവർത്തിച്ചു. സർക്കാർ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും പാർലമെന്റ് മാർച്ചടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ചോദ്യപേപ്പർ ചോർച്ച തടയാൻ പുതിയ നിയമഭേദഗതിയും ഫാസ്റ്റ് ട്രാക്ക് കോടതികളും ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അത് പ്രതിഷേധം ശമിപ്പിക്കാൻ പര്യാപ്തമായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇന്നത്തെ ചർച്ചയുടെ ഫലവും ധർമേന്ദ്ര പ്രധാൻ രാജിക്കാര്യത്തിലെ കേന്ദ്രത്തിൻ്റെ അന്തിമ നിലപാടും രാജ്യത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

Related Posts