ചെങ്കോട്ട സ്ഫോടനത്തിൽ വിശദമായ അന്വേഷണത്തിന് എൻഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കാഷ്മീർ, ഡൽഹി പോലീസിൽ നിന്ന് എൻഐഎ കേസിൻ്റെ രേഖകൾ ഏറ്റെടുത്തു. ഡൽഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടൻ രജിസ്റ്റർ ചെയ്യും.
പ്രാഥമിക പരിശോധനയിൽ ഡൽഹിയിൽ നടന്നത് ചാവേർ ആക്രമണമല്ലെന്നാണ് എൻഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അൽഫല സർവകലാശാലയിലെ ഡോക്ടർ ഉമർ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
അന്വേഷണത്തിൻ്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ലാൽ കില മെട്രോ സ്റ്റേഷൻ്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാൽ ഡിഎംആർസി അടച്ചിട്ടുണ്ട്.