നേപ്പാളിൽ ഭോട്ടെ കോഷി നദിയിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ വൻ ദുരന്തം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 157 പേർ മരിച്ചതായും 750ഓളം പേരെ കാണാതായതായും വിവരമുണ്ട്. കാണാതായവരിൽ 133 പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ടിബറ്റൻ അതിർത്തിയിൽനിന്ന് പെട്ടെന്ന് കുതിച്ചെത്തിയ പ്രളയജലം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിലെ നിരവധി പ്രദേശങ്ങളെയാണ് തകർത്തത്.
ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് ദുരന്തമുണ്ടായത്. ഭോട്ടെ കോഷി നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതോടെ കുത്തൊഴുക്കായി മാറിയ വെള്ളം വീടുകളും കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകർത്തു. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോയി.
പ്രളയജലം മണ്ണും കല്ലുകളും വഹിച്ചെത്തിയതോടെ പല കെട്ടിടങ്ങളും നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണു. ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാനായി ആളുകൾ ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുരന്തത്തിന് പിന്നാലെ നേപ്പാൾ സർക്കാർ വ്യാപകമായ രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. വിദേശ വിനോദസഞ്ചാരികളടക്കം നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം, പ്രളയം രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും സാരമായി ബാധിച്ചു. ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ 430 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത നിലയങ്ങൾക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.
ദുരന്തബാധിതർക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തി. താൽക്കാലിക ടെന്റുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവ ഉൾപ്പെടെ പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. ഇന്ത്യ നേപ്പാളിനൊപ്പമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽനിന്ന് ഒരു വിമാനം നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും വ്യോമസേന അറിയിച്ചു. ദുരന്തബാധിത മേഖലകളിലെ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിന്യസിക്കും.