കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഡി കെയ്ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാളെ വൈകിട്ടോടെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ സർക്കാർ ഭരണം ഏറ്റെടുക്കും. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവർ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന കാര്യം ഏകദേശം ദാരണയായിട്ടുണ്ട്.

ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, ഈശ്വർ ഖന്ദ്രേ, എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി, രൂപാ ശശിധർ, ശിവരാജ് തങ്കടഗി എന്നിവരുമുണ്ട്. വലിയ തർക്കങ്ങൾക്കൊടുവിൽ ഭരണം സുഗമമായി കൈമാറുന്നതിൻ്റെ ഭാഗമായാണ് പുതിയ മന്ത്രിമാരുടെ ആദ്യപട്ടികയും തയാറാക്കിയിരിക്കുന്നത്. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.

Related Posts