കൊവിഡ് കേസുകൾ രാജ്യത്ത് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 564 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,866 ആയി ഉയർന്നു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നത്. മേയ് 22ന് 257 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി.
കൊവിഡ് രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഐസൊലേഷൻ കിടക്കകൾ, വെൻ്റിലേറ്ററുകൾ, ഓക്സിജൻ, അവശ്യ മരുന്നുകൾ എന്നിവ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ജനം കൈ ശുചിത്വം പാലിക്കണം. ശ്വാസകോശ സംബന്ധമായ അസുഖമുള്ള വ്യക്തികൾ ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ വൈദ്യസഹായം തേടണം. തിരക്കേറിയ സ്ഥലങ്ങൾ അസുഖമുള്ളപ്പോൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 1373 പേരാണ് കേരളത്തിൽ നിലവിൽ ചികിത്സയിലുള്ളത്. 9 മരണങ്ങളാണ് ഈ വർഷമുണ്ടായത്. രോഗികൾ വർദ്ധിക്കുന്നത് മരണനിരക്കും കൂടാൻ കാരണമാകും. അതിനാൽ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും മുൻകരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം.
മരിച്ചവരിൽ 3 പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും രണ്ട് പേർ വീതം ഡൽഹി, കർണാടക എന്നിവിടങ്ങളിലുള്ളവരുമാണ്. 7 ൽ ആറുപേരും പ്രായമായവരും പ്രമേഹം, രക്തസമ്മർദം, ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായിരുന്നു. മരിച്ചവരിൽ അഞ്ച് മാസം പ്രായമുള്ള ആൺകുട്ടിയുമുണ്ട്.