ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമെന്ന ലക്ഷ്യത്തോടെ ബിഡിഎ നടപ്പാക്കുന്ന തുരങ്കപാത പദ്ധതിക്ക് യാത്രക്കാർ ടോൾ നൽകേണ്ടി വരില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും ചില പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പുകൾക്കിടയിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. 1,140 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവായി കണക്കാക്കുന്നത്.
നഗരത്തിൻ്റെ വടക്കൻ പ്രവേശന കവാടമായ ഹെബ്ബാളിൽ നിർമ്മിക്കുന്ന തുരങ്കപാത നിലവിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. രാവിലെയും വൈകിട്ടും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിന് ഇതോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. യാത്രാസമയം ഗണ്യമായി കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായാണ് തുരങ്കപാത നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.