സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.ക്കെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിരുവനന്തപുരം എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കർ പരിശോധിച്ചതിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യലിനായി സമൻസ് നൽകാനാണ് ഇഡിയുടെ നീക്കം.

ലോക്കർ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട രേഖകളോ നിർണായക തെളിവുകളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം, കേസിൻ്റെ ഭാഗമായി 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ച ഇഡി, തുടർനടപടിയായി സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്കും കടന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിൽ എത്തിയ ഇഡി സംഘം ലോക്കർ പരിശോധന നടത്തിയിരുന്നു. മരവിപ്പിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട നടപടിയായതിനാൽ വീണയുടെ സാന്നിധ്യം ആവശ്യമായിരുന്നില്ല.

ഇതിനിടെ, ജൂൺ 17-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ വീണയെ ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾ, ലഭിച്ച തുകയുടെ വിനിയോഗം, സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം തുടങ്ങിയ വിഷയങ്ങളിലായിരുന്നു വിശദമായ ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശരണ് എസ്. കർത്ത, ജയ എസ്. കർത്ത, ഷിബി എസ്. കർത്ത എന്നിവരെയും ഇഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. വീണയ്ക്ക് അനുവദിച്ച വായ്പകളുമായി ബന്ധപ്പെട്ടും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ ഏജൻസിയുടെ ശ്രമം.

Related Posts