ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം. യശ്വന്ത്പൂർ – കാച്ചെഗുഡ വന്ദേ ഭാരത് എക്സ്പ്രസിൻ്റെയും, ബെംഗളൂരു-കലബുറഗി വന്ദേ ഭാരത് എക്സ്പ്രസിൻ്റെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്.
കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ( 20703 ) ഹിന്ദുപൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നിലവിൽ ട്രെയിൻ ഉച്ചതിരിഞ്ഞ് 3:48നാണ് സ്റ്റേഷനിൽ എത്തുന്നത്. ഇത് ഉച്ചതിരിഞ്ഞ് 3:55 ആയി പരിഷ്കരിക്കും. തിരിച്ചുള്ള യശ്വന്ത്പൂർ-കച്ചെഗുഡ വന്ദേഭാരത് എക്സ്പ്രസ് (20704) ഹിന്ദുപൂർ റെയിൽവേ സ്റ്റേഷനിൽ പകൽ 12:17 ന് എത്തും. നിലവിൽ ഈ ട്രെയിൻ പകൽ 12:08 നാണ് എത്തുന്നത്.
കലബുറഗിയിൽ നിന്ന് എസ്എംവിടി ബെംഗളൂരു വരെ പോകുന്ന വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയം (ട്രെയിൻ നമ്പർ 22231) രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ പരിഷ്കരിച്ചിട്ടുണ്ട്. ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിൽ ഈ ട്രെയിൻ പകൽ 11:13 മണിക്കാണ് എത്തുക. നിലവിൽ ഇത് പകൽ 11:00 മണിക്കാണ് എത്തിച്ചേരുന്നത്. 13 മിനിറ്റിൻ്റെ മാറ്റം. ഇതേ ട്രെയിൻ യെലഹങ്ക സ്റ്റേഷനിൽ എത്തുന്ന സമയവും മാറ്റിയിട്ടുണ്ട്. ഇനിമുതൽ പകൽ 12:58 മണിക്കാണ് വന്ദേ ഭാരത് യെലഹങ്കയിൽ എത്തുക. നിലവിൽ ഇത് പകൽ 12:28 മണിക്കാണ് എത്തുന്നത്.