ഡ്രൈവിങ് ലൈസൻസ് പരീക്ഷ കൂടുതൽ കർശനമാക്കുന്നതിനുള്ള നിർദേശങ്ങളുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ കുറഞ്ഞത് 30 മിനിറ്റ് നടത്തണമെന്നും പരീക്ഷയിൽ വിജയിക്കാൻ ആവശ്യമായ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണമെന്നും നിർദേശിക്കുന്ന കരട് ചട്ടം മന്ത്രാലയം പുറത്തിറക്കി.

ലൈസൻസിലെ പേര്, വിലാസം എന്നിവ തിരുത്തുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ, അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. കരട് ചട്ടത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം.

ലൈസൻസുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകളിൽ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ലൈസൻസിനായി സമർപ്പിക്കാം. വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയിൽനിന്ന് എൽഐസി പോളിസി ഒഴിവാക്കാനും കരടിൽ നിർദേശിക്കുന്നു.

ഡ്രൈവിങ് ലൈസൻസുകൾ ലാമിനേറ്റ് ചെയ്ത രൂപത്തിലോ പിവിസി കാർഡായോ നൽകണമെന്ന വ്യവസ്ഥയും കരടിലുണ്ട്. നിർദേശങ്ങൾ അന്തിമമായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരൂ.

Related Posts