അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. ചെറുനഗരങ്ങളെയും വിദൂര പ്രദേശങ്ങളെയും വ്യോമഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ‘ഉഡാൻ’ പദ്ധതിക്ക് കീഴിൽ നടപടി. പദ്ധതിക്കായി ഏകദേശം 30,000 കോടി രൂപ ചെലവഴിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ വാണിജ്യ വിമാന സർവീസുകൾക്ക് ഉപയോഗിക്കാത്ത എയർസ്ട്രിപ്പുകൾ നവീകരിച്ച് വിമാനത്താവളങ്ങളാക്കി മാറ്റുന്നതിനാണ് പ്രധാനമായും പരിഗണന. ഇതിലൂടെ രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യോമഗതാഗത സൗകര്യം വ്യാപിപ്പിക്കാനും ചെറുനഗരങ്ങളിൽ കണക്റ്റിവിറ്റി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.