രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.

കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. രാജ്യത്തെ 95 കോടി പൗരന്മാർക്ക് ഇപ്പോൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും കേന്ദ്ര സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അവർ വ്യക്തമാക്കി.

സർക്കാരിന്‍റെ മൂന്നാം ടേമിൽ, ദരിദ്രരെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

Related Posts