തമിഴ്നാട്ടിലെ പൊള്ളാച്ചി–പഴനി ദേശീയപാതയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഞായറാഴ്ച നള്ളമ്പള്ളി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആരതി, പുരാണി എന്നിവരും കാർ ഓടിച്ചിരുന്ന ഡ്രൈവറുമാണ് മരിച്ചത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൻ്റെ വേഗതയും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.