മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ കർണാടക മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രി പോലുമില്ലാത്തതിനെതിരെ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി. വനിതാ ശാക്തീകരണത്തിനായി ശക്തമായി വാദിക്കുന്ന കോൺഗ്രസിൻ്റെ കർണാടകയിലെ നിലപാട് എന്താണെന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്.
34 അംഗ മന്ത്രിസഭയിൽ ഒരു വനിതയ്ക്കും ഇടം ലഭിച്ചിട്ടില്ല. അതേസമയം കോൺഗ്രസ് സഖ്യം ഭരിക്കുന്ന കേരളത്തിൽ 21 മന്ത്രിമാരിൽ രണ്ട് വനിതകളും തെലങ്കാനയിൽ 16 മന്ത്രിമാരിൽ വനിതാ പ്രാതിനിധ്യവും ഉണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ഹിമാചൽ പ്രദേശിലും വനിതാ മന്ത്രിമാരില്ലെങ്കിലും കർണാടകയിലെ സാഹചര്യം കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായാണ് ബിജെപിയുടെ ആരോപണം.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിച്ചാൽ മാത്രം പോരെന്നും അധികാര പങ്കാളിത്തത്തിലും സ്ത്രീകൾക്ക് തുല്യ അവസരം ഉറപ്പാക്കണമെന്നും ബിജെപി സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു. വനിതകൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഭരണത്തിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാനും കോൺഗ്രസ് തയ്യാറാകണമെന്നാണ് വിമർശനം.
മുൻ സിദ്ധരാമയ്യ മന്ത്രിസഭയിൽ ലക്ഷ്മി ഹെബ്ബാൾകർ വനിതാ മന്ത്രിയായി ഉണ്ടായിരുന്നെങ്കിലും പുനഃസംഘടനയ്ക്ക് ശേഷം ഇവർ പുറത്തായി. പുതിയ മന്ത്രിമാരുടെ ആദ്യ പട്ടികയിൽ ഗായത്രി ശാന്തെഗൗഡയുടെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.
വനിതാ മന്ത്രി ഇല്ലാത്തതോടെ കർണാടക നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സമ്മേളനം വനിതാ മന്ത്രിയില്ലാതെ പൂർത്തിയായെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പാർലമെന്റിലെ വനിതാ സംവരണ വിഷയത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിൻ്റെയും കർണാടകയിലെ വനിതാ പ്രാതിനിധ്യമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായിരിക്കുന്നത്.