ടിക്കറ്റ് വരുമാനത്തിന് പുറമെ അധിക വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിഎംടിസി (BMTC) ബസുകളിൽ ഓഡിയോ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യാത്രക്കാർക്ക് അടുത്ത സ്റ്റോപ്പ് അറിയിക്കുന്ന വോയ്സ് അനൗൺസ്‌മെന്റുകൾക്കിടയിലായിരിക്കും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുക. ഇതിനായി ഉടൻ ടെൻഡർ ക്ഷണിക്കാനാണ് ബിഎംടിസിയുടെ തീരുമാനം.

നിലവിൽ ബിഎംടിസിയിലെ എല്ലാ ബസുകളിലും യാത്രക്കാരെ അടുത്ത സ്റ്റോപ്പിനെക്കുറിച്ച് അറിയിക്കുന്ന ഓട്ടോമാറ്റിക് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനത്തിൽ ഔദ്യോഗിക അറിയിപ്പുകൾക്കിടയിൽ ചെറിയ ദൈർഘ്യമുള്ള പരസ്യങ്ങളാണ് ഉൾപ്പെടുത്തുക. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബസ് ഗതാഗത സ്ഥാപനങ്ങളിൽ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്ന ആദ്യ സ്ഥാപനമാകുമെന്നാണ് ബിഎംടിസിയുടെ വിലയിരുത്തൽ.

പ്രതിദിനം ഏകദേശം 45 ലക്ഷം യാത്രക്കാരാണ് ബിഎംടിസി ബസുകൾ ഉപയോഗിക്കുന്നത്. നിലവിൽ യാത്രാ നിരക്കിലൂടെ മാത്രം പ്രതിദിനം ഏകദേശം ₹7.21 കോടി വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, പ്രവർത്തനച്ചെലവ് വർധിച്ചതും വനിതകൾക്കുള്ള ശക്തി സൗജന്യ യാത്രാ പദ്ധതിയുടെ കുടിശ്ശിക തിരിച്ചുകിട്ടുന്നതിലെ കാലതാമസവും സാമ്പത്തിക സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് യാത്രാനിരക്ക് കൂട്ടാതെ അധിക വരുമാനം കണ്ടെത്താൻ ബിഎംടിസി പുതിയ മാർഗങ്ങൾ തേടുന്നത്.

ഓഡിയോ പരസ്യങ്ങൾക്ക് പുറമെ, ഇലക്ട്രോണിക് ടിക്കറ്റുകളുടെ പിൻവശത്ത് പരസ്യങ്ങൾ അച്ചടിക്കുക, ബസുകളിലെ സീറ്റുകൾക്ക് പിന്നിൽ QR കോഡുകൾ സ്ഥാപിച്ച് യാത്രക്കാരെ പരസ്യദാതാക്കളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കുക തുടങ്ങിയ പദ്ധതികളും ബിഎംടിസി പരിഗണിക്കുന്നുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വാണിജ്യ വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യം.

Related Posts