ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്ന് കോടതിയിൽ ഉറപ്പുനൽകിയതിനെത്തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഇരുവരും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി.

ജന്തർ മന്തർ ഔദ്യോഗികമായി പ്രതിഷേധങ്ങൾക്കുള്ള വേദിയായി അംഗീകരിക്കപ്പെടുന്നതുവരെ അവിടെ സമരങ്ങൾ സംഘടിപ്പിക്കുകയോ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യില്ലെന്നാണ് നേതാക്കൾ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഭാവിയിൽ നടത്തുന്ന പ്രതിഷേധങ്ങൾ ഭരണഘടനാപരമായ പരിധിക്കുള്ളിലായിരിക്കുമെന്നും അവർ ഉറപ്പുനൽകി.

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിലും ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ ക്ഷമാപണം നടത്തി. ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിയെ അറിയിച്ചു.

50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ജാമ്യക്കാരെയും ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ തുടർ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ തുടർനടപടികൾക്കായി നാളെ വൈകിട്ട് മൂന്നിന് വീണ്ടും വാദം കേൾക്കും.

Related Posts