ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ മൂന്ന് ദിവസത്തിനിടെ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഒരു ട്രെയിനിൻ്റെ വാതിൽ ശരിയായി അടയാതിരുന്നതിനെ തുടർന്നാണ് സർവീസുകൾക്ക് തടസ്സമുണ്ടായത്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ സ്റ്റേഷനിൽ സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ ഏകദേശം 17 മിനിറ്റോളം സർവീസ് വൈകി. ഇതിൻ്റെ പ്രത്യാഘാതമായി പിന്നാലെയുണ്ടായ അഞ്ച് ട്രെയിൻ സർവീസുകളും വൈകുകയായിരുന്നു.
തകരാർ പരിഹരിക്കാൻ ബിഎംആർസിഎല്ലിൻ്റെ ഓപ്പറേഷൻസ്, മെയിന്റനൻസ് വിഭാഗങ്ങൾ അടിയന്തരമായി ഇടപെട്ടതോടെ പിന്നീട് സർവീസ് സാധാരണ നിലയിലാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഇതിന് രണ്ട് ദിവസം മുൻപ്, ജൂൺ 23-ന് ഇതേ കബ്ബൺ പാർക്ക് സ്റ്റേഷനു സമീപം മറ്റൊരു സാങ്കേതിക തകരാർ മൂലം പർപ്പിൾ ലൈൻ സർവീസ് മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. തിരക്കേറിയ സമയത്തുണ്ടായ ആ തകരാർ ആയിരക്കണക്കിന് യാത്രക്കാരെ വലച്ചിരുന്നു. ട്രെയിനുകൾ ഏറെ നേരം നിർത്തിയിടേണ്ടിവന്നതോടെ വിവിധ സ്റ്റേഷനുകളിൽ വലിയ തിരക്കും ആശയക്കുഴപ്പവും ഉണ്ടായി.
പ്രതിദിനം 9 മുതൽ 10 ലക്ഷം വരെ യാത്രക്കാർ ഉപയോഗിക്കുന്ന നമ്മ മെട്രോയിൽ, അതിൽ ഏകദേശം 4.5 ലക്ഷം പേർ ആശ്രയിക്കുന്ന പർപ്പിൾ ലൈനിൽ തുടർച്ചയായി തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നത് യാത്രക്കാരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മെട്രോ സർവീസിൻ്റെ വിശ്വാസ്യതയും പരിപാലന സംവിധാനവും സംബന്ധിച്ച് ചോദ്യങ്ങളും ശക്തമായിട്ടുണ്ട്.