കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം നേതാവ് പി.പി.ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഈ മാസം അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക. കുറ്റപത്രത്തിൽ കൊലപാതക സാധ്യതകൾ പൂർണമായും തള്ളുന്നുണ്ട്.
യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അപമാനിക്കാൻ ആസൂത്രിത ശ്രമം നടന്നു. യാത്രയയപ്പ് യോഗത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതും നവീന് വിഷമമുണ്ടാക്കി. പ്രാദേശിക ചാനലിനെ യോഗത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസന്വേഷണത്തിൽ പിഴവുകളില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം.
ഈ സാഹചര്യത്തിലാണ് ഉടൻ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഡിഐജി ജി. എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്. എസിപി ടി.കെ. രത്നകുമാർ. സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കൊലപാതകമെന്ന കുടുംബത്തിൻ്റെ പരാതി പരിഗണിച്ചും അന്വേഷണം നടന്നിരുന്നു.