അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എസ്.എൽ.ഭൈരപ്പക്ക് സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹം ജോലി ചെയ്തതും ജീവിതം ചെലവഴിച്ചതുമായ മൈസൂരുവിലാണ് സ്മാരകം നിർമ്മിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്. ‘ജ്ഞാനപീഠം അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്ക് ശക്തി ലഭിക്കട്ടെ’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
രവീന്ദ്ര കലാക്ഷേത്രയിൽ വ്യാഴാഴ്ച രാവിലെ 8 മുതൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ജ്ഞാനപീഠ ജേതാവും കന്നട എഴുത്തുകാരനുമായ ചന്ദ്രശേഖര കമ്പാർ, ബി.ജെ.പി നേതാക്കളായ ബി.എസ്.യെദിയൂരപ്പ, മകനും കർണാടക ബി.ജെ.പി അധ്യക്ഷനുമായ ബി.വൈ.വിജയേന്ദ്ര, തുടങ്ങിയവരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമടക്കം നിരവധി പേർ അന്തിമ ദർശനത്തിനെത്തിയിരുന്നു.