ചരിത്രത്തിലാദ്യമായി ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക. 39.77 കോടി രൂപയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്. റണ്ണറപ്പിന് 20 കോടി രൂപ ലഭിക്കും. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നൽകിയത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായിനൽകാൻ ഐസിസി തീരുമാനിച്ചതോടെയാണ് സമ്മാനത്തുകയിൽ വൻ വർധനയുണ്ടായത്. മൊത്തം 116 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. സെമിഫൈനൽ കളിച്ച ടീമുകൾക്ക് 9.89 കോടി രൂപ ലഭിക്കും. കഴിഞ്ഞ തവണ ഇത് 2.5 കോടി രൂപയായിരുന്നു.
കഴിഞ്ഞ ടൂർണമെൻ്റിന് നൽകിയ സമ്മാനത്തുകയേക്കാൾ 300 ശതമാനത്തോളം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2023-ലെ പുരുഷ ലോകകപ്പിൽ 84 കോടിയാണ് സമ്മാനത്തുകയായി നൽകിയത്.
ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്കെല്ലാം രണ്ടുകോടി രൂപ ലഭിക്കും. അഞ്ചും ആറും സ്ഥാനങ്ങളിലെത്തിയ ടീമുകൾക്കെക്ക് 5.8 കോടി രൂപ വീതവും ഏഴും എട്ടും സ്ഥാനങ്ങളിലെത്തിയ ടീമുകൾക്ക് 2.3 കോടിയും ലഭിക്കും.