പരാതിയുള്ളവർക്ക് മൊഴി നൽകാനുള്ള സാഹചര്യം ഒരുക്കിയിട്ടും ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയവർ അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. മൊഴി നൽകാൻ ഇത്തരം വിഷയങ്ങളിൽ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതിയുടെ മറുപടി.
ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നൽകാൻ നോഡൽ ഏജൻസിയുടെ പ്രവർത്തനം തുടരണമെന്നും കേടതി നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പുതിയ നിയമം വരുന്നതുവരെ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു. സിനിമ നയം രൂപീകരിക്കുന്നതിൻ്റെ ഭാഗമായ കോൺക്ലേവ് ഓഗസ്റ്റ് മാസമാദ്യം സംഘടിപ്പിക്കും. ഇതിൽ നിന്നുണ്ടാകുന്ന നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും സിനിമാ നയം രൂപീകരിക്കാനുള്ള കരട് തയാറാക്കുക. നിയമത്തിൻ്റെ കരട് തയാറാക്കിയ ശേഷം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.