2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്യുമെന്നുള്ള തീരുമാനം പ്രഖ്യാപിച്ച് 24 മണിക്കൂർ കഴിയുന്നതിന് മുൻപ് ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണങ്ങളെ അപലപിച്ച് പാകിസ്താൻ രംഗത്ത്. ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾ അന്താരാഷ്ട്രനിയമത്തിൻ്റെ എല്ലാ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്ന് ഷഹബാസ് ഷെരീഫ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി
സമാധാനസ്ഥാപനത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ പ്രകീർത്തിക്കുകയും തൊട്ടടുത്ത ദിവസം ആ വ്യക്തി തന്നെ ബോംബാക്രമണത്തിന് നിർദേശം നൽകുമ്പോൾ അതിനെ അനുകൂലിക്കുന്ന വിധത്തിൽ മൗനം പാലിക്കാൻ സാധിക്കില്ലെന്ന് പാകിസ്താൻ മുൻ അംബാസഡർ മലീഹ ലോധി പറഞ്ഞു. ഇന്ത്യ-പാകിസ്താൻ സംഘർഷം ലഘൂകരിക്കാനും വെടിനിർത്തൽ നടപ്പിലാക്കാനും ട്രംപ് നടത്തിയ ഇടപെടലുകൾ മുൻനിർത്തി ട്രംപിനെ നൊബേൽ പുരസ്കാരത്തിന് ‘ശുപാർശ ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് പാകിസ്താൻ പ്രസ്താവിച്ചത്. പാകിസ്താൻ്റെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറിൻ്റെ വൈറ്റ് ഹൗസ് സന്ദർശനത്തെ കുറിച്ചും പാക് ഉന്നത ഉദ്യോഗസ്ഥർ എടുത്തു പറഞ്ഞിരുന്നു.
‘ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെ നേർക്ക് യുഎസ് നടത്തിയ ആക്രമണത്തെ പാകിസ്താൻ ശക്തമായി അപലപിക്കുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമായേക്കാമെന്നുള്ള കടുത്ത ആശങ്കയിലാണ് ഞങ്ങൾ’പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലുടനീളം ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നും ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും മന്ത്രാലയം ആശങ്ക പ്രകടമാക്കി. ഇറാന് അനുകൂലമായ നിലപാട് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ എക്സിൽ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.