റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് നാളെ അവധി. ജില്ലയിലെ മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇന്നു മുതല്‍ 17 തിയ്യതി വരെ കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് ആണ്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ കനത്ത മഴയിലും കാറ്റിലും വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. എറണാകുളം കാക്കനാട് ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണു.

Related Posts