സ്ത്രീകളോട് മോശം പെരുമാറ്റം തുടർന്ന് 60കാരൻ. ഒടുവിൽ പീഡനത്തിനിരയായ സ്ത്രീകൾ എല്ലാം ചേർന്ന് 60 കാരനെ കൊന്നു കത്തിച്ചു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ജൂൺ 2 മുതൽ ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ കാണാതായിരുന്നു. ഒരു ചടങ്ങുമായി ബന്ധപ്പെട്ട് ഇയാളുടെ കുടുംബം പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. 5 ദിവസം സ്വന്തം നിലയിൽ 60 കാരന് വേണ്ടി തിരഞ്ഞ ശേഷവും ഫലം കാണാതെ വന്നതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
പാതി കത്തിക്കരിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്ന് തുടർന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഗ്രാമവാസിയായ സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് സംശയമുണ്ടായിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
നേരത്തെ ഈ സ്ത്രീയെ അറുപതുകാരൻ പീഡിപ്പിച്ചിരുന്നു. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. 60കാരന്റെ പെരുമാറ്റ ദൂഷ്യം മൂലം ഏറെക്കാലമായി ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഗ്രാമവാസികൾ പറഞ്ഞു. വിധവകളേയും പ്രായമായ സ്ത്രീകളേയും പീഡിപ്പിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. സമുദായത്തിലെ മുതിർന്നവർ അടക്കം നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സ്വഭാവത്തിൽ മാറ്റം വരുത്താൻ ഇയാൾ തയ്യാറായിരുന്നില്ല.
പലരും നാണക്കേട് ഭയന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിരുന്നുമില്ല. 52 വയസുള്ള വിധവയെ അടുത്തിടെ ഈ 60കാരൻ പീഡനത്തിനിരയാക്കിയിരുന്നു. വയോധികൻ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെല്ലാവരും ഇതോടെ കൂടി, അവസാനം പീഡിപ്പിക്കപ്പെട്ട വിധവയുടെ വീട്ടിൽ ഒത്തു ചേർന്നശേഷം ഇയാളെ വക വരുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.
60കാരന്റെ വീട്ടിലേക്ക് ഒരുമിച്ച് എത്തിയ ശേഷം വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വയോധികനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം മൃതദേഹത്തിന് തീയിട്ടുവെന്നാണ് കൊലപാതക കേസിൽ അറസ്റ്റിലായ സ്ത്രീകൾ പൊലീസിനോട് വിശദമാക്കിയത്. തെളിവ് നശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൃതദേഹം കത്തിച്ചതെന്നും സ്ത്രീകൾ പൊലീസിൽ മൊഴി നൽകി.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പഞ്ചായത്ത് അംഗവുമുണ്ട്. മറ്റ് രണ്ട് പേർയ കൂടി ഇവരെ സഹായിക്കാൻ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവരെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കി.