കുപ്പിവെള്ള വിൽപ്പനക്കാരൻ ടി.ടി.ഇ ചമഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ട്രെയിനുകളിൽ മുമ്പ് കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്ന ദേവേന്ദ്ര കുമാരാണ് (40) യാത്രക്കാരിൽ നിന്ന് പണം തട്ടിയത്. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത് ടിക്കറ്റിലാത്ത യാത്രക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ചായിരുന്നു. ഗാസിയാബാദിലാണ് സഹറൻപുർ സ്വദേശിയായ ഇയാൾ നിലവിൽ താമസിക്കുന്നത്. ഗോമതി എക്സ്പ്രസിൽ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ദേവേന്ദ്രനിൽ നിന്ന് നിരവധി ടിക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരെയും വിദ്യാഭ്യാസം കുറഞ്ഞവരുമായ യാത്രക്കാരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവർക്ക് വൻ തുകയ്ക്ക് ജനറൽ ടിക്കറ്റ് വിൽക്കുന്നതാണ് തട്ടിപ്പ് രീതിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. ടി.ടി.ഇ യുടെ വേഷം ധരിച്ചാണ് ഇയാൾ പ്രതിദിനം 7,000 മുതൽ 10,000 രൂപ വരെ സമ്പാദിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
താൻ മുമ്പ് ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയിൽ ഓടുന്ന തീവണ്ടികളിൽ കുപ്പിവെള്ള വിൽപ്പ നടത്തിയിരുന്നുവെന്നും എന്നാൽ ഒരു വർഷം മുൻപ് കരാർ അവസാനിച്ചതിനാൽ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാർഗമായി ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാർ പറഞ്ഞതായി പൊലീസ് റിപ്പോർട്ട് ചെയ്തു.