മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര BMW കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ അതീവ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 5.20ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തെ ലോട്ടസ് ജെട്ടിക്ക് സമീപമായിരുന്നു അപകടം. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും ബാരിക്കേഡ് തകർത്ത് ഫ്ലൈഓവറിൽനിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
കാറിലുണ്ടായിരുന്ന ഷനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17), ആദിത്യ ജകമാനിയ (19) എന്നിവരാണ് മരിച്ചത്. ആദിത്യ ഓസ്വാൾ (23) ഗുരുതര പരിക്കുകളോടെ നായർ ആശുപത്രിയിലെ ട്രോമ വാർഡിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിന് കാരണം അമിതവേഗതയാണോ വാഹനത്തിൻ്റെ സാങ്കേതിക തകരാറാണോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.