കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പോലീസ്. പോലീസിൻ്റെയോ സർക്കാർ സ്ഥാപനത്തിൻ്റെയോ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിങ് നടത്തുക. കൃഷ്ണകുമാറിൻ്റെ പരാതിയും കടയിലെ ജീവനക്കാരികളായ യുവതികളുടെ പരാതിയും പോലീസ് അന്വേഷിക്കും. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് രണ്ട് പരാതികളും അന്വേഷിക്കുക.
ജീവനക്കാർ ചേർന്ന് ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാകും ആദ്യ അന്വേഷണം. കൃഷ്ണകുമാർ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ജീവനക്കാരുടെ പരാതികളും അന്വേഷിക്കും.കൃഷ്ണകുമാർ പണം നഷ്ടമായെന്ന കാരണത്താൽ പോലീസിനെ അറിയിക്കാതെ ജീവനക്കാരുമായി സംസാരിച്ചതിൽ തെറ്റുണ്ടെന്ന നിലപാടിലാണ് പോലീസ്.
മെയ് 29, 30 തീയതികളിലെ കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും രണ്ടാമത്തെ മകൾ ദിയക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൃഷ്ണകുമാറിൻ്റെ കുടുംബത്തിലെ ആറ് പേർക്കെതിരെയാണ് കേസ്. തട്ടിക്കൊണ്ട് പോയെന്നും മർദിച്ച് പണം വാങ്ങിയെന്നുമുള്ള ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിൻ്റെ ഓഫീസിൽ വെച്ച് മർദിച്ചെന്നും പരാതിയിൽ ജീവനക്കാർ പറയുന്നുണ്ട്.