ലോക്കപ്പിൽ വിചാരണത്തടവുകാരനെ കൂടെയുണ്ടായിരുന്ന തടവുകാര്‍ കൊലപ്പെടുത്തി. ഡൽഹി സാകേത് കോടതിയിലാണ് വിചാരണത്തടവുകാരനെ ഒപ്പമുണ്ടായിരുന്ന രണ്ട് തടവുകാർ കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. കോടതി വളപ്പിൽത്തന്നെയുള്ള ലോക്കപ്പിലാണ് അനിഷ്ടസംഭവമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.
വിചാരണ നടപടികൾക്കായാണ് തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇവരെ കോടതിയിലെത്തിച്ചത്. കൊല്ലപ്പെട്ടത് അമൻ എന്ന തടവുപുള്ളിയാണ് .അമന് കൊലപാതകത്തിൽ പങ്കാളിയായ ജിതേന്ദർ എന്ന വ്യക്തിയുമായി 2024 ലുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജിതേന്ദറേയും സഹോദരനേയും അന്നത്തെ തർക്കത്തിനിടെ അമൻ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
ലോക്കപ്പിൽ വെച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ജിതേന്ദറും മറ്റൊരു തടവുകാരനായ ജയ്ദേവും ചേർന്ന് അമനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമനെ ഉടനെ തന്നെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.